തൃശൂർ: ശക്തൻ - കെഎസ്ആർടിസി റിംഗ് റോഡിൽ കെഎസ്ആർടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് അപകടം. പത്തുപേർക്കു പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിനുപിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ ഉടൻതന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്റെ പിൻഭാഗവും സ്വകാര്യബസിന്റെ മുൻഭാഗവും തകർന്നു. ബസിന്റെ ചില്ലുകൾ റോഡിലേക്കു ചിതറിവീണു. സ്ഥലത്തെത്തിയ ഫയർഫോഴ്സ് റോഡിലെ ചില്ലുകൾ വെള്ളമടിച്ചു നീക്കംചെയ്തശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടത്തെത്തുടർന്ന് റിംഗ് റോഡിൽ ഏറെനേരം ഗതാഗതതടസവും നേരിട്ടു.